Sathya Sanathana Vedic Dharma in Malyalam സത്യ സനാതന വൈദിക ധര്‍മ്മം

back to vedas

 

 

സത്യ സനാതന വൈദിക ധര്‍മ്മം

    മഹാഭാരത യുദ്ധത്തിനുശേഷം ലോകമെമ്പാടും വൈദികധര്‍മ്മ പ്രചാരണത്തിന് ലോപം നേരിടുകയും ആ സ്ഥാനത്ത് വേദപ്രാമാണ്യത്തെ അംഗീകരിക്കാത്ത വ്യത്യസ്ത മത – ധര്‍മ്മ സമ്പ്രദായങ്ങള്‍ പ്രചാരത്തില്‍ വരികയും ചെയ്തു. ഒരുകാലത്ത് ലോകമെങ്ങും വ്യാപിച്ചിരുന്ന സത്യ സനാതന വൈദികധര്‍മ്മം ക്ഷയിക്കുയും നിരവധി അന്ധവിശ്വാസങ്ങള്‍ പ്രബലമാവുകയും ചെയ്തതിന്റെ ഫലമായി ഇന്ന് കാണുന്ന തരത്തില്‍ ജനങ്ങള്‍ വിഭിന്ന മതസമ്പ്രദായങ്ങളുടെ അനുയായികളായി തീര്‍ന്നു.

ആര്യസമാജം

ഭാരതീയ നവോഥാന നായകനും വേദോദ്ധാരകനും മഹായോഗിയും വ്യാകരണ വൈയ്യാകരണനും ആയിരുന്ന സ്വാമി ദയാനന്ദസരസ്വതി1875 ല്‍ ബോംബെയില്‍ ആര്യസമാജം എന്ന പ്രസ്ഥാനം ആരംഭിച്ചു. ആര്യസമാജം ഒരു മത സംഘടനയോ പുതിയ ഒരു സമ്പ്രദായം തുടങ്ങുന്നതിനു രൂപീകരിച്ച പ്രസ്ഥാനമോ അല്ല. നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ കാണപ്പെടുന്ന അജ്ഞത, അന്ധവിശ്വാസങ്ങള്‍, നിരക്ഷരത, ഉച്ചനീചത്വങ്ങള്‍ എന്നീ വേദവിരുദ്ധമായ തിന്മകള്‍ക്കെതിരെ പ്രതികരിച്ച് ജനങ്ങളെ പ്രബു ദ്ധരാക്കുന്ന ഒരു നവോഥാനപ്രസ്ഥാനമാണ് ആര്യസമാജം. സത്യനിഷ്ടരും ജ്ഞാനികളും ധര്‍മ്മാത്മാക്കളും പരോപകാരികളായവര്‍ക്ക് മാത്രമേ മാനവ സമാജത്തിന് വ്യക്തിപരമായും സാമൂഹികപരമായും ഉപകാരം ചെയ്യാനാവൂ. ഇത്തരം ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവരെയാണ് ‘ആര്യന്‍’ അഥവാ ‘ശ്രേഷ്ടന്‍’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത്തരത്തിലുള്ള ആര്യന്മാരുടെ സംഘടനയാണ് ആര്യസമാജം.

സത്യ സനാതന വൈദിക ധര്‍മ്മ ത്തിന്‍റെ സവിശേഷതകള്‍

ഈശ്വരന്‍ – ജീവാത്മാവ് – പ്രകൃതി

ഈശ്വരന്‍ സച്ചിദാനന്ദസ്വരൂപനും, നിരാകാരനും, സര്‍വ്വശക്തിമാനും, ന്യായകാരിയും, ദയാലുവും, ജന്മമെടുക്കാത്തവനും, അനാദിയും, അനന്തനും, നിര്‍വ്വികാരനും, സര്‍വ്വവ്യാപിയും, സര്‍വ്വാധാരനും, സൃഷ്ടികര്‍ത്താവുമാകുന്നു.

വൈദിക കാഴ്ചപ്പാടനുസരിച്ച് ജനന – മരണരഹിതനായ ഈശ്വരന്‍ശരീരധാരണം ചെയ്യുകയോ അവതരിക്കുകയോ ചെയ്യുന്നില്ല.

ഈശ്വരന്‍ – ജീവാത്മാവ് – പ്രകൃതി എന്നീ മൂന്നു തത്വങ്ങള്‍ അനാദിയാണ്. ഇവക്ക് തുടക്കമോ അവസാനമോ ഇല്ല.

 

വേദം

വേദം എല്ലാസത്യവിദ്യകളുടെയും മൂലഗ്രന്ധമാണ്. പൌരുഷേയമായ വേദങ്ങള്‍ സ്വത:പ്രമാണമാണ്‌.

എല്ലാ മനുഷ്യര്‍ക്കും സ്ത്രീ-പുരുഷ ഭേദമില്ലാതെ വേദം പഠിക്കാനും സ്വാദ്ധ്യായം ചെയ്യാനും മറ്റുള്ളവരെ പഠിപ്പിക്കാനും പൂര്‍ണ്ണ അവകാശമുണ്ട്.

മധ്യകാലീന വേദഭാഷ്യകാരന്മാരായിരുന്ന ഉവ്വടന്‍, മഹീധരന്‍, സായണന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ വേദമാന്ത്രങ്ങളില്‍ പശുഹിംസ, അശ്ലീലത, മൃതശ്രാദ്ധ പദ്ധതി എന്നിവ കാണപ്പെടുന്നതരത്തില്‍ ദുര്‍വ്യാഖ്യാനം നടത്തിയപ്പോള്‍, വേദങ്ങള്‍ കന്നാലി പാട്ടാണെന്നും നാടോടികളായിനടന്നിരുന്ന ആര്യവര്‍ഗ്ഗക്കാരുടെ ചരിത്രങ്ങളുടെ ശേഖരമാണെന്ന് വിദേശപണ്ഡിതന്മാരും പടച്ചുവിട്ടു. ഈ രണ്ടു വാദഗതിയും തെറ്റാണ്. അതിനെ തുറന്നുകാട്ടി ജനങ്ങളെ ഉദ്ബുദ്ധരാക്കേണ്ടത് നമ്മുടെ പ്രധാന കര്‍ത്തവ്യങ്ങളിലോന്നാണ്.

പ്രാമാണിക ഗ്രന്ഥങ്ങള്‍

ചതുര്‍വേദങ്ങളും അവക്കനുകൂലമായ ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍,വിശുദ്ധ മനുസ്മൃതി, വാല്മീകി രാമായണം, വ്യാസനിര്‍മ്മിതമായ മൂല മഹാഭാരതം എന്നിവയാണ് പ്രാമാണിക ഗ്രന്ഥങ്ങളായി കണക്കാക്കുന്നത്. വ്യാസന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പലപുരാണങ്ങളും വ്യാജവും വേദവിരുദ്ധ ഭാഗങ്ങളുല്‍ക്കോളളുന്നതുമാകയാല്‍ പ്രാമാണികങ്ങളല്ല.

പഞ്ചമഹാ യജ്ഞങ്ങള്‍

ഓരോ ഗൃഹസ്ഥനും ദിവസേന അനുഷ്ടിക്കേണ്ട പഞ്ചമഹാ യജ്ഞങ്ങള്‍ ഇവയാണ്.

  1. ബ്രഹ്മയജ്ഞo അഥവാ സന്ധ്യാവന്ദനം, നിരാകാരനായ ഈശ്വരന്‍റെ ഗുണഗണങ്ങളെ ധ്യാനിച്ചുകൊണ്ടു ചെയ്യുന്ന ആത്മാലോചന.
  2. ദേവയജ്ഞo : അഗ്നിഹോത്രം, ദാനം തുടങ്ങിയവ.
  3. പിതൃയജ്ഞo : ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍, ആചാര്യന്മാര്‍ എന്നിവരെ ശ്രദ്ധാപൂര്‍വ്വം പരിചരിച്ച് അവരുടെ ഋണങ്ങളെ വീട്ടുന്ന കര്‍മ്മം.
  4. അതിഥിയജ്ഞo : സദാചാരികളും പണ്ഡിതന്‍മാരുമായവരെ യഥായോഗ്യം ആദരിക്കുകയും സമ്മാനാദികള്‍ നല്‍കുകയും ചെയ്യുക.
  5. ബലിവൈശ്വദേവയജ്ഞo : നമ്മെ ആശ്രയിച്ചുകഴിയുന്ന പശുമൃഗാദികളുടെ സംരക്ഷണവും പോഷണവുമാണ് ഈ യജ്ഞo കൊണ്ട്ഉദ്ദേശിക്കുന്നത്.

ഗുരുവും മനുഷ്യദൈവങ്ങളും

നമ്മുടെ ജീവിതത്തിന് സാംസ്കാരികവും ബൌദ്ധികവുമായ മാര്‍ഗ്ഗദര്‍ശനംചെയ്യുന്ന ഗുരുവര്യന്മാരോട് ശ്രദ്ധാഭാവം വച്ചുപുലര്തേണ്ടതാണ്. എന്നാല്‍ ഗുരുവിനെ ഒരലൌകിക ശക്തിയായി പെരുപ്പിച്ചുകാട്ടി അദ്ദേഹത്തെ ഈശ്വരാവതാരവും മറ്റുമായി ചിത്രീകരിച്ച് പെരുപ്പിച്ചുകാട്ടി വിഗ്രഹപ്രതിഷ്ഠ നടത്തി നാമജപം, ദീപാരാധനാദികള്‍ എന്നിവ നടത്തുന്നത് അവൈദികമാണ്.

മന്ത്രവാദവും അസാന്മാര്‍ഗ്ഗിക ആചരണങ്ങളും

ചമത്ക്കാരങ്ങള്‍ എന്നുപറയുന്ന യാതൊന്നുംതന്നെ ലോകത്തിലില്ല. അതിനാല്‍ കൈനോട്ടം, മഷിനോട്ടം, തകിടുകളും ചരടുകളും ജപിച്ചുകെട്ടല്‍, മന്ത്രസിദ്ധികൊണ്ട് മാറാരോഗങ്ങളും മറ്റും വൈദ്യ ചികിത്സയില്ലാതെ  മാറ്റാനാകും എന്ന തരത്തിലുള്ള പ്രചാരണം, മറ്റു ആഭിചാരക്രിയകള്‍, മദ്യം,മാംസം തുടങ്ങിയവകൊണ്ടുള്ള ആരാധനാരീതി എന്നിവ തികച്ചും വര്‍ജ്ജ്യമാണ്‌. യാതൊരു അടിസ്ഥാനവുമില്ലിതിന്. ഫലജ്യോതിഷം,ചൊവ്വാദോഷം, കണ്ടകശ്ശനി തുടങ്ങിയ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളും നിരര്‍ത്ഥകങ്ങളാണ്.

ധര്‍മ്മം

ആചരിക്കേണ്ടതാണ് ധര്‍മ്മം. ധൈര്യം, ക്ഷമ, ദമം,അസ്തേയം, ശൌചം (സ്വച്ഛത), ഇന്ദ്രിയ നിഗ്രഹം, ബുദ്ധി (വിവേക ബുദ്ധി), വിദ്യ, സത്യം, അക്രോധം എന്നിവയാണ് ധര്‍മ്മത്തിന്റെ 10 ലക്ഷണങ്ങള്‍. മദ്യമാംസാദികളും മറ്റു ലഹരി പദാര്‍ത്ഥങ്ങളും പൂര്‍ണ്ണമായി വര്‍ജ്ജിക്കണം.

തീര്‍ത്ഥം

ജ്ഞാനത്തിന്‍റെ പ്രചാരം – പ്രസാരം ചെയ്യുന്ന കേന്ദ്രമാണ് തീര്‍ത്ഥം. സൂര്യഗ്രഹണസമയത്തോ മാറ്റവസരങ്ങളിലോ പ്രമുഖ നദികളില്‍ സ്നാനം നടത്തുന്നത് പാപങ്ങളെ നശിപ്പിക്കുന്നതാണ് എന്ന പ്രചാരണം അജ്ഞാനം മൂലം വന്നതാണ്. ഇതിന് വൈദിക പ്രാമാണ്യമില്ല.

കര്‍മ്മ ഫലം

നാം അനുഷ്ടിക്കുന്ന ശുഭാശുഭ കര്‍മ്മങ്ങളുടെ ഫലം നാം തീര്‍ച്ചയായും അനുഭവിച്ചേതീരൂ. യതോരുതരത്തിലുള്ള ക്രിയാപദ്ധതി കളെക്കൊണ്ടും ഇവയെ മാറ്റിമറിക്കാനാവില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുകതന്നെ വേണമെന്നര്‍ത്ഥം.

ശ്രാദ്ധം      

ഈശ്വരോപാസന, സ്വാദ്ധ്യായം എന്നിവയാല്‍ ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍, ഗുരുജനങ്ങള്‍ എന്നിവരുടെ സേവനമനുഷ്ടിക്കലാണ് ശ്രാദ്ധം.

സ്വര്‍ഗ്ഗ – നരകങ്ങള്‍

സ്വര്‍ഗ്ഗ – നരകങ്ങള്‍ പ്രത്യേക വിശേഷസ്ഥാനങ്ങള്‍ അല്ല. സുഖാത്തിന്റെ വിശേഷസ്ഥാനം സ്വര്‍ഗ്ഗവും ദുഃഖതിന്റെത് നരകവുമാണെന്ന് പറയാം. അതും ഇതേജീവിതകാലത്ത് ഈ ശരീരത്തോടുകൂടി തന്നെ അനുഭവിക്കെണ്ടതുമാണ്. സ്വര്‍ഗ്ഗ – നരകങ്ങളെ ക്കുറിച്ച്പടച്ചുവിട്ടിട്ടുള്ള കാല്‍പ്പനിക കഥകള്‍ ജനങ്ങളെ നിഷ്ക്രിയരാകുന്നതാണ്.

ജഢപൂജ

      ജഢപദാര്‍ത്ഥങ്ങളെ അവയുടെ ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ സദുപയോഗം ചെയ്യുന്നത് തെറ്റല്ല. തുളസി, ആല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് പല രോഗങ്ങളേയും നിവാരണം ചെയ്യാനുള്ള ഓഷധഷക്തിയുണ്ട്. അവയുടെ സംരക്ഷണം നടത്തേണ്ടതാണ്. എന്നാല്‍ ഇവയെ ആരാധനയുടെ പേരില്‍ പ്രദക്ഷിണം വക്കുന്നതും  നമസ്കരിക്കുന്നതും പുണ്യമാണെന്ന് കരുതുന്നത് അജ്ഞതയും മൂഢത്വവുമാണ്.

ഭക്തി

എകാന്തവും ശാന്തവുമായോരിടത്തിരുന്ന് ഈശ്വരന്‍റെ ദയാലുത, ന്യായകാരിത തുടങ്ങിയ ഗുണങ്ങളേക്കുറിച്ച് ചിന്തന – മനനം ചെയ്ത് ത്യാഗമയമായ ഒരു ജീവിതം നയിക്കലാണ് ഭക്തി. വലിയ പന്തലും ആഡംഭരങ്ങളുമൊരുക്കി വീഡിയോ ക്യാമറാ കണ്ണുകള്‍ക്കുമുമ്പില്‍ സ്ത്രീ – പുരുഷന്മാര്‍ നൃത്തം ചെയ്യുകയും കയ്യടിച്ച് പാട്ടുപാടി തിമര്‍ക്കുകയും ചെയ്യുന്നത് ‘ചാനല്‍’ ഭക്തിമാത്രമാണ്.

മുഹൂര്‍ത്തഫലവും രാശിഫലവും

എപ്പോഴാണ് നമ്മുടെ മനസ്സ് പ്രസന്നവും കുടുംബത്തില്‍ സുഖശാന്തിയും നിറഞ്ഞുനില്‍ക്കുന്നത് അതാണ്‌ മുഹൂര്‍ത്തം. നക്ഷത്ര-ഗ്രഹനിലകള്‍ നോക്കി കവടി നിരത്തി ജ്യോതിഷികള്‍ വിധിക്കുന്ന വിവാഹത്തിനുള്ള മുഹൂര്‍ത്തം, ഗൃഹ പ്രവേശനത്തിനുള്ളമുഹൂര്‍ത്തം എന്നിവ തികച്ചും വേദവിരുദ്ധവും സാക്ഷരരായ ഒരു സമാജത്തിനു യോജിച്ചതുമല്ല. നക്ഷത്ര – ഗ്രഹ വസ്തുക്കള്‍ ജഢ പദാര്‍ഥങ്ങളാണ്. അവയുടെ പ്രഭാവം എല്ലാവര്‍ക്കും ഒരേപോലെയാണ് അനുഭവപ്പെടുക. വ്യത്യസ്തമായല്ല. ഗ്രഹ – നക്ഷത്ര – രാശികള്‍ക്കനുസരിച്ച് മനുഷ്യജീവിതത്തില്‍ വ്യത്യസ്ത ഗുണദോഷങ്ങളുണ്ടാവും എന്നുള്ള ഫലപ്രവചനങ്ങളും തികച്ചും അവൈജ്ഞാനികമാണ്.  ജാതക പൊരുത്തം നോക്കി വധൂവരന്മാരുടെ വിവാഹം നടത്തുന്നതിനു പകരം ഗുണ – കര്‍മ്മ – വൈദ്യ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഏറ്റവുംനല്ലത്. ആദര്‍ശ പുരുഷന്മാരായ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ ജാതകപൊരുത്തം നോക്കിയല്ലാ സ്വയവരത്തിലൂടേയാണ് വിവാഹിതരായത് എന്നോര്‍ക്കുക. മാത്രവുമല്ല, ശ്രീരാമന്റെയും രാവണന്റെയും രാശികള്‍ ഒന്നായിരുന്നു. ശ്രീകൃഷ്ണന്റയും കംസന്റെയും രാശികളും അപ്രകാരമായിരുന്നു വെന്നത് രസകരമായ പരമാര്‍ത്ഥമാണ്.

ജാതിക്കുപകരം വര്‍ണ്ണ വ്യവസ്ഥ

ആര്യസമാജം വര്‍ണ്ണ വ്യവസ്ഥയെ അംഗീകരിക്കുന്നു. വര്‍ണ്ണ വ്യവസ്ഥയുടെ അടിസ്ഥാനം ഗുണകര്‍മ്മങ്ങളാണ്. വര്‍ണ്ണ വവസ്ഥയില്‍ നീചകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ശൂദ്രന്മാരും ശ്രേഷ്ഠ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ബ്രാഹ്മണരുമാകുന്നു. ഇത് ജന്മനാ ഉണ്ടാകുന്നതല്ല. മനുവിന്റെ നിയമമനുസരിച്ച് എല്ലാവരും ശൂദ്രരായാണ് ജനിക്കുന്നത്.

വൈദിക സിദ്ധാന്തങ്ങളെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വപ്രസിദ്ധമായ സത്യാര്‍ത്ഥ പ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക,സംസ്കാരവിധി തുടങ്ങിയ ഗ്രന്ഥ ങ്ങള്‍ സ്വാദ്ധ്യായം ചെയ്യുക.

ഓം കൃണ്വന്തോ വിശ്വമാര്യം….. (ഋഗ്വേദം 9.63.5)

കെ.എം.രാജന്‍

Emaii: aryasamajvellinezhi@gmail.com

Leave a Reply

Your email address will not be published. Required fields are marked *