Category Archives: വൈദികം

എന്തുകൊണ്ട് ആര്യസമാജം? WHY ARYA SAMAJ?

Dayananda saraswathi

പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിന്‍റെ സാമൂഹ്യ- ആധ്യാത്മിക – രാഷ്ട്രീയ പരിതസ്ഥിതികള്‍ ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് വായിച്ചെടുക്കുക. അവിദ്യയുടെയും അനാചാരങ്ങളുടെയും കാര്‍മേഘങ്ങള്‍ വേദ സൂര്യനെ മറച്ചു കൊണ്ടിരിക്കുന്നു.ഭാരതീയ സംസ്കാരത്തേയും പൈതൃകത്തെയും തകിടം മരിക്കുന്നതിന് മെക്കോളെ പ്രഭുവിന്‍റെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തകൃതിയായി നടക്കുന്നു. വൈദിക ധര്‍മ്മം അനാചാരങ്ങളില്‍ അകപ്പെട്ട് നാശോന്മുഖ മായികൊണ്ടിരിക്കുന്നു. വിദേശ യാത്ര നടത്തിയാല്‍ ധര്‍മ്മ ഭ്രഷ്ടനായി! താഴ്ന്ന ജാതിക്കരെന്നു പറയപ്പെടുന്നവരെ തോട്ടുപോയാല്‍ ധര്‍മ്മ ഭ്രാഷ്ടന്‍! മുസ്ലീംകളില്‍ നിന്നും ഭക്ഷണം സ്വീകരിച്ചാല്‍ അയാള്‍ക്ക്‌ ഹിന്ദു ധര്‍മ്മത്തില്‍ സ്ഥാനമില്ല.ധാര്‍മ്മിക കേന്ദ്രങ്ങളിലും മറ്റും കപട ബ്രാഹ്മണരുടെ ക്രൂര കേളികള്‍! ഹിന്ദുക്കള്‍ എന്നുപറയുന്നവര്‍ ഏതാനും അന്ധവിശ്വാസങ്ങളില്‍ പെട്ട് അലയുന്നു. നമ്മുടെ അടിസ്ഥാന ധര്‍മ്മ ഗ്രന്ഥമായ 4 വേദങ്ങളുടെ പേരുകള്‍ പോലും പലര്‍ക്കും അറിയില്ല. ബഹുദൈവതാരാധനയും വിഗ്രഹാരാധനയും മൃഗബലിയും ഈശ്വരാവതാരവാദവും, ജീവിക്കുന്നവരെ അവഗണിച്ചുകൊണ്ട് മരിച്ചവര്‍ക്കായി നടത്തുന്ന ശ്രാദ്ധം പോലുള്ള ചടങ്ങുകള്‍ നടത്തിച്ച് സാധാരണക്കാരെ പീഡിപ്പിക്കുന്ന ഒരുകൂട്ടം പേരുടെ കൈപ്പിടിയില്‍ മാത്രമായിരുന്നു വേദങ്ങള്‍. അത് സ്ത്രീകള്‍ക്കും മറ്റു താഴ്ന്ന ജാതിക്കാര്‍ക്കും അപ്രാപ്യവുമായിരുന്നു. നമ്മുടെ മഹാപുരുഷന്മാരായിരുന്ന ശ്രീരാമനെയും ശ്രീകൃഷ്ണനെയും വികൃതമാക്കി ചിത്രീകരിച്ച് വ്യാസന്‍റെ പേരില്‍ പടച്ചുവിട്ട വ്യാജ പുരാണങ്ങളുടെയും താന്ത്രികന്മാരുടെയും അഴിഞ്ഞാട്ടമായിരുന്നു എങ്ങും. ബാലവിധവകളുടെ ദീനരോദനങ്ങള്‍! അനാഥരായ കുട്ടികളുടെ ശോചനീയമായ അവസ്ഥ. ശൈശവ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നു.’നാരീ നരകസ്യ ദ്വാരം’ എന്ന് പറഞ്ഞ് ശങ്കരാചാര്യന്മാര്‍ സ്ത്രീകളെ നരകത്തിന്‍റെ ദ്വാരമെന്നു വിശേഷിപ്പിക്കുന്നു. ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യയെ ജീവനോടെ ചിതയിലേക്ക് എടുത്തുചാടാന്‍ നിര്‍ബന്ധിക്കുന്നു.പെണ്‍കുട്ടികളെ ജനന സമയത്ത് തന്നെ വധിക്കുന്നു. യജ്ഞ്യങ്ങളിലും താന്ത്രിക കര്‍മ്മങ്ങളിലും മിണ്ടാപ്രാണികളുടെയും മനുഷ്യകുഞ്ഞുങ്ങളുടെ പോലും ബലി നിര്‍ബാധം നടക്കുന്നു. ഇതെല്ലാം ഹിന്ദുമതത്തിന്‍റെ ഭാഗമായാണ് പ്രചിരിപ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ പോരുതിമുട്ടിയവരെ കൂട്ടത്തോടെ ഇസ്ലാം- ക്രിസ്തു മതങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.

ഈ അന്ധകാരാവസ്ഥയിലാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഉദയമുണ്ടായത്. ഗൌതമന്‍, കണാദന്‍, കപിലന്‍, കുമാരിലഭട്ടന്‍ എന്നിവരുടെ പാണ്ഡിത്യവും ഹനുമാന്‍, ഭീഷ്മര്‍ എന്നിവരുടെ ബ്രഹ്മചര്യ നിഷ്ഠയും ശങ്കരാചാര്യരുടെതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധ ന്‍റെ തിനുസമാനമായ ത്യാഗ-വൈരാഗ്യങ്ങളും പതഞ്‌ജലി, വ്യാസന്‍ എന്നിവരുടെതുപോലുള്ള ആധ്യാത്മികതയും ഛത്രപതി ശിവജി, ഗുരു ഗോവിന്ദ സിംഹന്‍ എന്നിവരുടെതുപോലുള്ള നീതിവ്യവസ്ഥയും റാണാ പ്രതാപന്‍ന്‍റെതുപോലുള്ള പ്രതാപവും തേജസ്സും ഒത്തിണങ്ങിയ യുഗപുരുഷനായ മഹര്‍ഷി ദയാനന്ദ സരസ്വതി ഭാരത നഭോമണ്ഡലത്തില്‍ ഉയര്‍ന്നുവന്നു. ഭാരതത്തിന്‍റെ ഈ ദുരവസ്ഥക്കു കാരണം നാം ഈശ്വരീയ വാണിയായ ചതുര്‍ വേദങ്ങളുടെയും ഋഷികൃതമായ ഗ്രന്ഥങ്ങളുടെയും പഠന – പാഠനങ്ങളില്‍ നിന്ന് പിന്നോട്ട് പോയതിനാലാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആര്യസമാജ മെന്ന സാമൂഹ്യ – നവോത്ഥാന – ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് രൂപം നല്‍കി. 1875 ഏപ്രില്‍ 10 നു ബോംബൈയില്‍ ആണിത് സ്ഥാപിച്ചത്. താന്‍ തുടങ്ങുന്നത് പുതിയൊരു മതമല്ലാ എന്നും അനാദിയായി തുടര്‍ന്ന് വരുന്ന വൈദിക ധര്‍മ്മത്തി ന്‍റെ (ഹിന്ദു ധര്‍മ്മത്തിന്‍റെ) പുനരുജ്ജീവനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വേദ പ്രചാരണത്തിനായി ഒരു കൊടുങ്കാറ്റു പോലെ അദ്ദേഹം ഉത്തര ഭാരതമാകെ ചുറ്റി സഞ്ചരിച്ചു. കാശിപോലുള്ള യാഥാസ്ഥിതിക ബ്രാഹ്മണരുടെ കേന്ദ്രങ്ങളില്‍ കടന്നു ചെന്ന് വിഗ്രഹാരാധന, ശ്രാദ്ധം, അവതാരവാദം, വേദ വിരുദ്ധമായ ആചരണങ്ങള്‍, ഭാഗവതാദി പുരാണങ്ങളുടെ ഖണ്ഡനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രാര്‍ത്ഥ ങ്ങള്‍നടത്തി വിജയശ്രീ ലാളിതനായി സത്യ- സനാതന – വൈദിക ധര്‍മ്മത്തിന്‍ സന്ദേശം എങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തി ന്‍റെ പ്രഗല്‍ഭരായ സ്വാമി ശ്രdhaനന്ദന്‍, പണ്ഡിറ്റ്‌ ലേഖ് റാം,ഗുരുദത്ത് വിദ്യാര്‍ത്ഥി, മഹാത്മാ ഹന്‍സ് രാജ്, ലാലാ ലജ്പത് റായ്തുടങ്ങിയ ശിഷ്യന്മാര്‍ ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രബലമാക്കി.

ഈ പ്രവര്‍ത്തനം കേരളത്തിലും 1921ല്‍ പണ്ഡിറ്റ്‌ ഋഷിറാമി ന്‍റെ യും സ്വാമി ശ്രദ്ധാനന്ദന്‍റെ യും നേതൃത്വത്തില്‍ തുടക്കമിട്ടു. വാഗ്ഭടാനന്ദന്‍, ശ്രീ നാരായണ ഗുരുദേവന്‍ എന്നിവരുടെ അനുഗ്രഹാശിസ്സുകളും അതിനുണ്ടായിരുന്നു. ഇന്ന് കേരളം ആധ്യാത്മികമായി വളരെ ഉന്നതിയിലാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലുംഅനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ഇന്നിവിടെ അഴിഞാടുകയാനെന്നു ദിനപത്രങ്ങള്‍ വായിച്ചാലറിയാം. മന്ത്രവാദം, മൃഗബലി എന്നിവ നിര്‍ബാധം നടക്കുന്നു. ഹിന്ദുവി ന്‍റെ സമ്പാദ്യ ത്തില്‍ നല്ലൊരു പങ്ക് ആന പൂരങ്ങള്‍, വെടിക്കെട്ട്‌, സപ്താഹങ്ങള്‍, ക്ഷേത്ര നവീകരണങ്ങള്‍ എന്നിവക്കായി ചിലവാക്കപ്പെടുന്നു. സമാജത്തില്‍ അശരണരും നിരാലംബരുമായവരെ സഹായിക്കാനാണ് ഈ സമ്പാദ്യമുപയോഗിക്കുന്നതെങ്കില്‍ എത്ര നന്നായിരുന്നു. നമ്മുടെ പ്രാമാണിക ഗ്രന്ഥങ്ങളിലോന്നും (വേദങ്ങള്‍, ഉപനിഷത്തുകള്‍,ദര്‍ശനങ്ങള്‍ തുടങ്ങിയവ) ഇന്ന് കാണുന്ന വിഗ്രഹാരാധന, വെടിക്കെട്ട്‌,സപ്താഹങ്ങള്‍, താന്ത്രിക ക്രിയകള്‍, മന്ത്രവാദം, മൃഗബലി തുടങ്ങിയവയ്ക്ക് വിധി കാണുന്നില്ല. അതേ സമയം സമാജ സേവനം നിര്‍ബന്ധ മായും നടത്തണ മെന്നു പറയുന്നുമുണ്ട്. ആര്യസമാജം വേദവിഹിതമായ ആരാധനാ രീതിയും ആചരണവും തിരിച്ചു കൊണ്ടുവരാന്‍ പരിശ്രമിക്കുന്നു. വേദങ്ങളിലേക്ക് മടങ്ങുക എന്ന ഋഷി ദയാനന്ദന്‍റെ ആഹ്വാനത്തിന് കേരളത്തില്‍ ഇന്ന് ഏറെ പ്രസക്തിയുണ്ട്.

 

 

സത്യാര്‍ത്ഥ പ്രകാശം മൊഴിമുത്തുകള്‍ : പുരാണങ്ങള്‍ സത്യവും മിഥ്യയും TEACHINGS FROM SATHYARTH PRAKASH : PURANAS : THE TRUTH AND FALSE

satyarth-prakash

പതിനെട്ടു പുരാണങ്ങളുടെയും കര്‍ത്താവ് വ്യാസനായിരുന്നെങ്കില്‍ അവയില്‍ ഇത്രയേറെ വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളും ഒരിക്കലും വരുമായിരുന്നില്ല. എന്തെന്നാല്‍ ശാരീരിക സൂത്രം, യോഗശാസ്ത്ര ഭാഷ്യം മുതലായ വ്യാസകൃത ഗ്രന്ഥങ്ങള്‍ കണ്ടാല്‍ വ്യാസന്‍ മഹാവിദ്വാനും സത്യവാദിയും യോഗിയുമായിരുന്നുവെന്നു വ്യക്തമാവുന്നുണ്ട്. അദ്ദേഹം ഇത്തരം കള്ളത്തരങ്ങള്‍ ഒരിക്കലും എഴുതുകയില്ല. പരസ്പരവിരുദ്ധ സമ്പ്രദായങ്ങളുടെ ആളുകളും ഭാഗവതാതി ഗ്രന്ഥങ്ങളുടെ രചയിതാക്കളും ആയ ഇവരില്‍ വ്യാസന്‍റെ ഗുണങ്ങള്‍ ലേശമാത്ര പോലുമില്ല. വേദ ശാസ്ത്ര വിരുദ്ധമായ അസത്യവാദങ്ങള്‍ എഴുതുന്നത്‌ വ്യാസനെപ്പോലുള്ള വിദ്വാന്‍മാരുടെ ജോലിയല്ല. ഇത്തരം പണികള്‍ വിരുദ്ധന്മാരും സ്വാര്‍ഥി കളും അവിദ്വാന്മാ രുമായവരുടെയാണ്.

ഇതിഹാസം,പുരാണം മുതലായവ ശിവപുരാണാദികളുടെ പേരല്ല. ‘ബ്രാഹ്മണാനീതിഹാസാന്‍ പുരാണാനി കല്പാന്‍ ഗാഥാ നാരാശംസീരിതി’ (തൈത്തിരീയ ആരണ്യകം 2.9). ഇതു ബ്രാഹ്മണങ്ങളിലെയും സൂത്രങ്ങളുടെയും വചനമാണ്. ഐതരേയം,ശതപഥം, സാമം, ഗോപഥം എന്നീ ബ്രാഹ്മണങ്ങളുടെ അഞ്ചു പേരുകളാണ് ഇതിഹാസം, പുരാണം, കല്പം, ഗാഥ, നാരാശംസി എന്നിവ. ഇതിഹാസം – ജനകന്‍ – യാജ്ഞവല്ക്യന്‍ എന്നിവരുടെ സംവാദം പോലുള്ളവ. പുരാണം – ജഗത് ഉത്പത്തി മുതായാവയുടെ വര്‍ണ്ണനം. കല്പം – വേദശബ്ദാദികളുടെ അര്‍ത്ഥ നിരൂപണം, വര്‍ണ്ണന മുതലായവ. ഗാഥ – ഉദാഹരണങ്ങള്‍ ഉദാഹരിച്ച് കഥകള്‍ പറയുക. നാരാശംസി – മനുഷ്യരുടെ പ്രശംസനീയവും അല്ലാത്തതുമായ പ്രവൃത്തികള്‍ ആഖ്യാനിക്കല്‍ (ശങ്കരാചാര്യരുടെ ബൃ ഹദാരണ്യകൊപനിഷത് ഭാഷ്യത്തില്‍ (2.4.10) പുരാണത്തിനുദാഹരണം ‘ആസദ്വാ ഇദമഗ്ര ആസീത് മുതലായവ എന്നിങ്ങനെ ബ്രാഹ്മണാന്തര്‍ഗതമായവ നല്‍കിയിരിക്കുന്നു.

തന്ത്ര-മന്ത്രങ്ങള്‍ : സത്യവും മിഥ്യയും THANTHRIK KRIYAS – THE TRUTH AND MYTH

 

punapravachan

                                                                    ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈ

പുരുഷാര്‍ത്ഥത്താല്‍ അഥവാ പരിശ്രമത്താല്‍ മാത്രമേ ഏതൊരുകാര്യവും നേടിയെടുക്കാനാവു. കേവലം മനോരഥത്താല്‍ (മനോരജ്യത്താല്‍) നടക്കില്ലെന്നര്‍ത്ഥം. ഇന്നത്തെ വൈജ്ഞാനിക യുഗത്തില്‍ ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്നവര്‍ പെട്ടെന്നുള്ള കാര്യസാദ്ധ്യത്തിനായി കപട തന്ത്ര-മന്ത്രാദി പ്രചാരണങ്ങളുടെ പരസ്യത്തിനടിപ്പെട്ടു തങ്ങളുടെ വിലയേറിയ സമയവും,ധനവും നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.തകിട് ജപിച്ചു കെട്ടുക,താന്ത്രിക യന്ത്രങ്ങള്‍ തയ്യാറാക്കി വീടുകളില്‍ വക്കുക,ബാധകളെയും പ്രേതങ്ങളെയും ഒഴിപ്പിക്കാനായി ജ്യോതിഷികളുടെ കപട ഉപദേശ പ്രകാരം ചിലവേറിയ പൂജകളും മറ്റും നടത്തുക എന്നിവ ഇന്ന് സാര്‍വ്വത്രികമാണ്.ഹിന്ദുക്കള്‍ മാത്രമല്ല മറ്റു മതസ്ഥരും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ട്.സര്‍പ്പകോപത്തിനും ഗൃഹശാന്തി ക്കുമായി നടത്തുന്ന ഹോമങ്ങളും പൂജകളും വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേക രത്നങ്ങളും മുത്തുകളും ധരിച്ചാല്‍ രോഗനിവാരണവും ഐശ്വര്യവു മുണ്ടാകുമെന്നാണ് വെറൊരുകൂട്ടര്‍ പടച്ചു വിടുന്നത്. ഇതിനുപിന്നിലെ കച്ചവടതാത്പര്യത്തെ ആരും ശ്രദ്ധിക്കുന്നില്ല.കേരളത്തിലെ പ്രധാന ആഭരണശാലകളുടെ ഉടമകള്‍ ആരെല്ലമാണെന്നും അന്ധവിശ്വാസങ്ങള്‍ ക്കടിപ്പെട്ടു രത്നങ്ങളും കല്ലുകളും വാങ്ങികൂട്ടുന്നവര്‍ ഏതു മത വിഭാഗത്തില്‍ പെടുന്നവരാണെന്നും സ്വയം തിരിച്ചറിയുക. കോടികള്‍ മുടക്കി പൂരവും വെടിക്കെട്ടുകളും നടത്തുന്നവരും ഇതോര്‍ക്കുക. ഇത്തരം ആചാരങ്ങള്‍ ഒന്നും വൈദിക ധര്മ്മ്ത്തിന്റെ ഭാഗമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

മഹര്‍ഷി ദയാനന്ദന്‍ ഇത്തരം വേദ വിരുദ്ധമായ ക്രിയാപദ്ധതികളെ ശാസ്ത്രാര്ത്ഥംങ്ങളിലൂടെ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. വാഗ്ഭടാനന്ദ ഗുരുദേവന്‍ കേരളത്തില്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. വേദവിഹിതമായ ആചാര പദ്ധതി കളിലേക്ക് മടങ്ങുകയാണ് ഈ ദുസ്ഥിതിക്കുള്ള പരിഹാരം. മഹര്‍ഷി മനു പ്രഖ്യാപിക്കുന്നു “വേദ പ്രതിപാദിതോ ധര്‍മ്മ: അധര്‍മ്മസ്ഥത് വിപര്യയ: ” വേദം പറയുന്നത് ധര്‍മ്മവും അതിനു വിപരീതമായത് അധര്‍മ്മവുമാമാണ് എന്നര്‍ത്ഥം.

മഹര്‍ഷി കണാദന്റെ അഭിപ്രായത്തില്‍ സാംസാരിക ഉല്‍ക്കര്‍ഷ ത്തിനും മോക്ഷ പ്രാപ്തിക്കുമുള്ള സാധനമാണ് ധര്‍മ്മം. അതായത് വേദോക്ത ധര്‍മ്മ പാലനത്തിലൂടെ നമുക്ക് ലൌകിക സമൃദ്ധിയും മോക്ഷ പ്രാപ്തിയും നേടാനാവുമെന്ന്. ഇതിനു വിരുദ്ധമായാചരണത്തിലൂടെ സര്‍വസ്വവും നഷ്ടപ്പെടുന്നു. നമ്മുടെ ചരിത്രം ഇതിനു സാക്ഷിയാണ്. വേദോക്ത ധര്‍മ്മം ചിട്ടയോടെ പാലിക്കപ്പെട്ടിരുന്ന കാലത്ത് ആര്യാവര്‍ത്തം (ഇന്നത്തെ ഭാരതം) വിശ്വഗുരുവായി വാഴ്ത്ത പ്പെട്ടിരുന്നു. ഭാരതത്തെ വീണ്ടും ആ ഉന്നത പദവിയിലേക്കുയര്‍ത്താന്‍ മഹര്‍ഷി ദയാനന്ദന്‍റെ “വേദങ്ങളിലേക്ക് മടങ്ങുക ” എന്ന ആഹ്വാനത്തെ ശിരസ്സാ വഹിച്ച് മുന്നേറാം.

ജ്യോതിഷം സത്യവും മിഥ്യയും

Dayananda Sandesam photo

വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തെ ആറു വേദാംഗങ്ങളിലോന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കാന്‍ വിഷമമാണ്. എന്നാല്‍ അവ ഗണിത ജ്യോതിഷമാണ്‌.ഇന്ന് പ്രചാരത്തിലുള്ള ഫലം പ്രവചിക്കുന്ന ജ്യോല്‍സ്യമല്ല. ഗണിത ജ്യോതിഷത്തിന്റെയും ഫല ജ്യോതിഷത്തിന്റെയും വ്യത്യാസം മനസ്സിലാക്കണം.സൂര്യ-നക്ഷത്രങ്ങളുടെ പ്രഭാവം പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെകുറിച്ചുള്ള ശാസ്ത്രമാണ് ഗണിത ജ്യോതിഷം. സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍ എപ്പോള്‍ നടക്കും? ഋതുക്കളുടെ മാറ്റം എപ്പോഴുണ്ടാകും? എങ്ങിനെയുണ്ടാവും? ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ മനസ്സിലാക്കാനുള്ള ശാസ്ത്രമാണ് അത്. നക്ഷത്രങ്ങളുടെ സ്ഥിതിനോക്കി പ്രാചീന ചരിത്ര സംഭവങ്ങളുടെ സമയവിവരം പോലും കണ്ടെത്താനാവും. മഹാഭാരത യുദ്ധം നടന്ന സമയത്ത് ഒരു പ്രത്യേക ഗ്രഹനിലയായിരുന്നു. ക്രിസ്തുവിനു മുമ്പ് 3102 ഫെബ്രുവരി 20 നു രണ്ടു മണി കഴിഞ്ഞു 30 സെക്കന്റ് സമയത്ത് ഈ ഗ്രഹനില യായിരുന്നുവെന്ന് പാശ്ചാത്യ ജ്യോതിഷ വിദഗ്ധനായ ബേലി പറയുന്നുണ്ട്.ഭാരതീയ ജ്യോതിശാസ്ത്രവും മഹാഭാരത യുദ്ധം നടന്നത് ഇക്കാലത്താനെന്നു പറയുന്നു. ഇത്തരത്തിലുള്ള ഗണിത ജ്യോതിഷത്തെ നമുക്ക് അഗീകരിക്കാം.

എന്നാല്‍ ജന്മ ലഗ്നത്തില്‍ രാഹുവും ആറാം സ്ഥാനത്ത് ചന്ദ്രനും വന്നാല്‍ കുട്ടിക്കു മരണം സംഭവിക്കും, ജന്മ ലഗ്നത്തില്‍ ശനിയും ആറാം സ്ഥാനത്ത് ചന്ദ്രനും ഏഴാം സ്ഥാനത്ത് ചൊവ്വയും വന്നാല്‍ കുട്ടിയുടെ പിതാവിനു മരണം നിശ്ചയം, രാത്രിയിലാണ് ജനനമെങ്കില്‍ ഇങ്ങിനെ സംഭവിക്കും ഞായറാഴ്ചയായാല്‍ അങ്ങിനെ വരും, ചൊവ്വാദോഷം, കണ്ടകശനി തുടങ്ങി ജനങ്ങളെ ഭയഭീതരാക്കുന്ന ഇന്നത്തെ ജ്യോതിഷികള്‍ അനുവര്‍ത്തിക്കുന്നതാണ് ഫല ജ്യോതിഷം. ഇതു വേദാനുകൂലമല്ല. ചൊവ്വാദോഷം പോലുള്ള അന്ധവിശ്വാസങ്ങള്‍ കാരണം നിരവധി യുവതികള്‍ നരകിക്കുന്നു. ന്യായകാരിയായ ഈശ്വരന്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി ഇത്തരം ക്രൂരതകള്‍ ഒരിക്കലും അടിച്ചേല്പ്പിക്കില്ല. ജാതകപൊരുത്തം നോക്കല്‍, ദേവപ്രശ്നം, തകിടും ചരടും ജപിച്ചുകെട്ടല്‍ എന്നിവയെല്ലാം ജനങ്ങളുടെ ധനവും സമയവും അപഹരിക്കുന്നതാണ്. നമ്മുടെ ആദര്‍ശ പുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും ജാതകം നോക്കിയല്ല വിവാഹിതരായത്. പാണ്ഡവരുടെ അജ്ഞാതവാസ സ്ഥലംകണ്ടുപിടിക്കാന്‍ പ്രശ്നം വെച്ചതായി മഹാഭാരതത്തില്‍ കാണാനാനില്ല. ഇത്തരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മഹാഭാരതയുദ്ധാനന്തരം ആരംഭിച്ചതാണ്. മഹര്‍ഷി ദയാനന്ദന്‍ സത്യാര്‍ത്ഥ പ്രകാശത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാദോഷംമൂലമാണ് വിവാഹം നടക്കാത്തത് എന്നു വിശ്വസിക്കുന്ന ഹിന്ദു യുവതികളെ മതം മാറ്റാനായി തീവ്ര ശ്രമം നടക്കുന്നതായി അറിയുന്നു. അത്തരത്തില്‍ മതം മാറ്റപ്പെട്ട ഒരു യുവതി അടുത്തിടെ വൈദിക ധര്‍മ്മ ത്തിലേക്ക് തിരിച്ചു വരികയുണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള ഒരേ ഒരു പോംവഴി മഹര്‍ഷി ദയാനന്ദന്‍ പറഞ്ഞ വേദങ്ങളിലേക്ക് മടങ്ങുക എന്നതാണ്. ഫല ജ്യോതിഷത്തെ തള്ളികളഞ്ഞു വേദാംഗ ജ്യോതിഷത്തെ സ്വീകരിക്കുക. ഓം കൃണ്വന്തോ വിശ്വമാര്യം !

വൈദിക ധര്‍മ്മം എന്ത്? എങ്ങിനെ?

Pakhand Khandini Pataka

1. നമ്മുടെ ഏറ്റവും പ്രാചീനമായ ധര്‍മ്മമാണ് വൈദിക ധര്‍മ്മം (ഇന്നത്തെ ഹിന്ദു ധര്‍മ്മം). ഇതിന്‍റെ അടിസ്ഥാനം നാല് വേദങ്ങള്‍ ആണ് (ഋഗ്വേദം,യജുര്‍വേദം,സാമവേദം,അഥര്‍വവേദം). അവയ്ക്ക് പുറമേ ആര്‍ഷ ഗ്രന്ഥങ്ങള്‍ ആയ 4 ഉപവേദങ്ങള്‍ (ആയുര്‍വ്വേദം.ധനുര്‍വേദം,ഗന്ധര്‍വവേദം,അര്‍ത്ഥവേദം), 6 വേദാംഗങ്ങള്‍ (ശിക്ഷ,കല്‍പ്പം,വ്യാകരണം,നിരുക്തം,ഛന്ദസ്സ്,ജ്യോതിഷം),6 ദര്‍ശനങ്ങള്‍ (സാംഖ്യം,വൈശേഷികം,ന്യായം,യോഗദര്‍ശനം,മീമാംസ,വേദാന്തം),ഉപനിഷത്തുകള്‍,ബ്രാഹ്മണങ്ങള്‍,ആരണ്യകങ്ങള്‍ എന്നിവ വൈദിക ധര്‍മ്മത്തെ കുറിച്ച്കൂടുതല്‍ അറിവുകള്‍ നല്‍കുന്നു.

2. ഈശ്വരന്‍ നിരാകാരനും സര്‍വവ്യാപിയും സര്‍വജ്ഞനും ന്യായകാരിയും ആകുന്നു. അദ്ദേഹത്തിന് രൂപമോ വിഗ്രഹമോ ഇല്ല. സര്‍വ്വവ്യാപിയായ അദ്ദേഹത്തെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് പ്രതിഷ്ടിക്കുകയോ അഭിഷേകം ചെയ്യുകയോ സാധ്യമല്ല.

3. ജനന മരണങ്ങള്‍ക്കതീതനായ ഈശ്വരന്‍ ഒരിക്കലും അവതരിക്കുന്നില്ല. അവതരിക്കുക എന്നാല്‍ ഇറങ്ങിവരുക എന്നര്‍ത്ഥം. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന അദ്ദേഹം എവിടെ നിന്ന് എവിടേക്ക് ഇറങ്ങി വരും? ശ്രീരാമന്‍,ശ്രീകൃഷ്ണന്‍ തുടങ്ങിയ മഹാപുരുഷന്മാര്‍ ഈശ്വരാവതാരങ്ങളല്ല. മനുഷ്യനായി ജനിച്ച്മനുഷ്യനായി ജീവിച്ച് ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കിയ മഹാപുരുഷന്മാരായിരുന്നു അവര്‍. അവരും സന്ധ്യോപസാന,അഗ്നിഹോത്രം എന്നിവ നിഷ്ഠയോടെ അനുഷ്ഠിച്ച്‌ ഈശ്വരനെ ആരാധിച്ചിരുന്നതായി വാല്മീകി രാമായണവും വ്യാസ മഹാഭാരതവും പറയുന്നു. ഈ മഹാപുരുഷന്മാരുടെ ജീവിതം നമുക്ക് പ്രേരണാ ദായകമാണ്. അവരുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുന്നതിന് പകരം അവരുടെ വിഗ്രഹമുണ്ടാക്കി മണികൊട്ടി പൂജിക്കുനത് വേദ വിരുദ്ധവും നിരര്‍ത്ഥ കവുമാണ് എന്ന് മഹര്‍ഷി ദയാനന്ദന്‍ സത്യാര്‍ത്ഥ പ്രകാശത്തില്‍ പറയുന്നുണ്ട്.

4. നാം അനുഷ്ഠിക്കുന്ന ശുഭാശുഭ കര്‍മ്മങ്ങളുടെ ഫലം നാം അനുഭവിച്ചു തന്നെ തീര്‍ക്കണം. പാപം ഏറ്റുപറച്ചില്‍ കൊണ്ടോ ഏതെങ്കിലും ക്രിയാപദ്ധതികളാലൊ ഇവ മാറ്റിമറിക്കാനാവില്ല.ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കുക തന്നെ വേണമെന്നര്‍ത്ഥം.

5. സ്വര്‍ഗ്ഗ-നരകങ്ങള്‍ പ്രത്യേക വിശേഷസ്ഥാനങ്ങളല്ല. സുഖത്തിന്‍റെ വിശേഷ സ്ഥാനം സ്വര്‍ഗ്ഗവും ദുഖത്തിന്‍റെത് നരകവുമാണെന്ന് പറയാം. സ്വര്‍ഗ്ഗ-നരകങ്ങളെക്കുറിച്ച് പടച്ചുവിട്ടിട്ടുള്ള കാല്‍പ്പനിക കഥകള്‍ ജനങ്ങളെ നിഷ്ക്രിയരാക്കുന്നതാണ്.

6. ജഡപദാര്‍ത്ഥങ്ങളെ അവയുടെ ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ സദുപയോഗം ചെയ്യുന്നത് തെറ്റല്ല.തുളസി,ആല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് പല രോഗങ്ങളേയും നിവാരണം ചെയ്യാനുള്ള ഔഷധ ശക്തിയുണ്ട്. അവയുടെ സംരക്ഷണം നടത്തേണ്ടതാണ്. എന്നാല്‍ ഇവയെ ആരാധനയുടെ പേരില്‍ പ്രദക്ഷിണം വക്കുന്നതും നമസ്കരിക്കുന്നതും പുണ്യമാണെന്ന് കരുതുന്നത് അജ്ഞതയും മൂഢത്വവുമാണ്.

7. എപ്പോഴാണ് നമ്മുടെ മനസ്സ് പ്രസന്നവും കുടുംബത്തില്‍ സുഖ- ശാന്തി നിറഞ്ഞുനില്‍ക്കുന്നതും അതാണ്‌ മുഹൂര്‍ത്തം. നക്ഷത്ര-ഗ്രഹ നിലകള്‍ നോക്കി കവിടി നിരത്തി ജ്യോതിഷികള്‍ വിധിക്കുന്ന വിവാഹത്തിനുള്ള മുഹൂര്‍ത്തം, ഗൃഹ പ്രവേശനത്തിനുള്ള മുഹൂര്‍ത്തം എന്നിവ തികച്ചും വേദവിരുദ്ധവും സാക്ഷരരായ ഒരു സമാജത്തിനു യോജിച്ചതുമല്ല.നക്ഷത്ര-ഗ്രഹ വസ്തുക്കള്‍ ജഡ പദാര്‍ഥങ്ങള്‍ ആണ്.അവയുടെ പ്രഭാവം എല്ലാവര്‍ക്കും ഒരേപോലെയാണ് അനുഭവപ്പെടുക.വ്യത്യസ്തമായല്ല. ഗ്രഹ-നക്ഷത്ര-രാശികള്‍ക്കനുസരിച്ച് മനുഷ്യ ജീവിതത്തില്‍ വ്യത്യസ്ത ഗുണദോഷങ്ങള്‍ ഉണ്ടാവുമെന്ന ഫല പ്രവചനങ്ങള്‍ തികച്ചും തെറ്റാണ്.ജാതക പൊരുത്തം നോക്കി വധൂവരന്മാരുടെ വിവാഹം നടത്തുന്നതിനു പകരം അവരുടെ ഗുണ-കര്‍മ്മ-വൈദ്യ പരിശോധനാദികളുടെ അടിസ്ഥാനത്തില്‍ ബന്ധം ഊട്ടിഉറപ്പിക്കുന്നതാണ് ഏറ്റവും നല്ലത്.ആദര്‍ഷപുരുഷന്മാരായ ശ്രീരാമന്‍,ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ ജാതകപൊരുത്തം നോക്കിയല്ല മറിച്ച് സ്വയംവരത്തിലൂടെയാണ് വിവാഹിതരായത് എന്നോര്‍ക്കുക. മാത്രവുമല്ല ശ്രീരാമന്റെയും രാവണന്റെയും രാശികള്‍ ഒന്നായിരുന്നു. ശ്രീകൃഷ്ണന്റെയും കംസന്റെയും രാശികള്‍ അപ്രകാരമായിരുന്നു വെന്നത് രസകരമായ പരമാര്‍ത്ഥം ആണ്. വേദാംഗമായ ജ്യോതിഷം ജ്യോതിശാസ്ത്രപരമായ ശാസ്ത്ര മാണ്.അവ പ്രമാണമാണ്‌. ഇന്നുപ്രചാരത്തിലുള്ള ഫലജ്യോതിഷം,അഷ്ടമംഗല്ല്യ പ്രശ്നം,കൈനോട്ടം,എന്നിവ വേദാനുകൂലമായതല്ല. മന്ത്രവാദവും,ആഭിചാരക്രിയകളും, തകിടും ചരടും ജപിച്ചു കെട്ടലുമൊന്നും വേദാനുകൂലമല്ല.

8. വര്‍ണ്ണ വ്യവസ്ഥയും ഇന്നത്തെ ജാതി വ്യവസ്ഥയും വ്യത്യസ്തമാണ്.ഗുണ-കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് വര്‍ണ്ണ വ്യവസ്ഥ. ജന്മം കൊണ്ട് ആരും ബ്രാഹ്മണരോ ക്ഷത്രിയരോ ആകുന്നില്ല, ജാതിവ്യവസ്ഥയും അയിത്തവും തെറ്റാണ്.

വൈദിക സിദ്ധാന്തങ്ങളെകുറിച്ച്കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വ പ്രസിദ്ധമായ സത്യാര്‍ത്ഥ പ്രകാശം,ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാര വിധി തുടങ്ങിയ ഗ്രന്ഥങ്ങള്‍ സ്വാദ്ധ്യായം ചെയ്യുക.

Sathya Sanathana Vedic Dharma in Malyalam സത്യ സനാതന വൈദിക ധര്‍മ്മം

back to vedas

 

 

സത്യ സനാതന വൈദിക ധര്‍മ്മം

    മഹാഭാരത യുദ്ധത്തിനുശേഷം ലോകമെമ്പാടും വൈദികധര്‍മ്മ പ്രചാരണത്തിന് ലോപം നേരിടുകയും ആ സ്ഥാനത്ത് വേദപ്രാമാണ്യത്തെ അംഗീകരിക്കാത്ത വ്യത്യസ്ത മത – ധര്‍മ്മ സമ്പ്രദായങ്ങള്‍ പ്രചാരത്തില്‍ വരികയും ചെയ്തു. ഒരുകാലത്ത് ലോകമെങ്ങും വ്യാപിച്ചിരുന്ന സത്യ സനാതന വൈദികധര്‍മ്മം ക്ഷയിക്കുയും നിരവധി അന്ധവിശ്വാസങ്ങള്‍ പ്രബലമാവുകയും ചെയ്തതിന്റെ ഫലമായി ഇന്ന് കാണുന്ന തരത്തില്‍ ജനങ്ങള്‍ വിഭിന്ന മതസമ്പ്രദായങ്ങളുടെ അനുയായികളായി തീര്‍ന്നു.

ആര്യസമാജം

ഭാരതീയ നവോഥാന നായകനും വേദോദ്ധാരകനും മഹായോഗിയും വ്യാകരണ വൈയ്യാകരണനും ആയിരുന്ന സ്വാമി ദയാനന്ദസരസ്വതി1875 ല്‍ ബോംബെയില്‍ ആര്യസമാജം എന്ന പ്രസ്ഥാനം ആരംഭിച്ചു. ആര്യസമാജം ഒരു മത സംഘടനയോ പുതിയ ഒരു സമ്പ്രദായം തുടങ്ങുന്നതിനു രൂപീകരിച്ച പ്രസ്ഥാനമോ അല്ല. നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ കാണപ്പെടുന്ന അജ്ഞത, അന്ധവിശ്വാസങ്ങള്‍, നിരക്ഷരത, ഉച്ചനീചത്വങ്ങള്‍ എന്നീ വേദവിരുദ്ധമായ തിന്മകള്‍ക്കെതിരെ പ്രതികരിച്ച് ജനങ്ങളെ പ്രബു ദ്ധരാക്കുന്ന ഒരു നവോഥാനപ്രസ്ഥാനമാണ് ആര്യസമാജം. സത്യനിഷ്ടരും ജ്ഞാനികളും ധര്‍മ്മാത്മാക്കളും പരോപകാരികളായവര്‍ക്ക് മാത്രമേ മാനവ സമാജത്തിന് വ്യക്തിപരമായും സാമൂഹികപരമായും ഉപകാരം ചെയ്യാനാവൂ. ഇത്തരം ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവരെയാണ് ‘ആര്യന്‍’ അഥവാ ‘ശ്രേഷ്ടന്‍’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത്തരത്തിലുള്ള ആര്യന്മാരുടെ സംഘടനയാണ് ആര്യസമാജം.

സത്യ സനാതന വൈദിക ധര്‍മ്മ ത്തിന്‍റെ സവിശേഷതകള്‍

ഈശ്വരന്‍ – ജീവാത്മാവ് – പ്രകൃതി

ഈശ്വരന്‍ സച്ചിദാനന്ദസ്വരൂപനും, നിരാകാരനും, സര്‍വ്വശക്തിമാനും, ന്യായകാരിയും, ദയാലുവും, ജന്മമെടുക്കാത്തവനും, അനാദിയും, അനന്തനും, നിര്‍വ്വികാരനും, സര്‍വ്വവ്യാപിയും, സര്‍വ്വാധാരനും, സൃഷ്ടികര്‍ത്താവുമാകുന്നു.

വൈദിക കാഴ്ചപ്പാടനുസരിച്ച് ജനന – മരണരഹിതനായ ഈശ്വരന്‍ശരീരധാരണം ചെയ്യുകയോ അവതരിക്കുകയോ ചെയ്യുന്നില്ല.

ഈശ്വരന്‍ – ജീവാത്മാവ് – പ്രകൃതി എന്നീ മൂന്നു തത്വങ്ങള്‍ അനാദിയാണ്. ഇവക്ക് തുടക്കമോ അവസാനമോ ഇല്ല.

 

വേദം

വേദം എല്ലാസത്യവിദ്യകളുടെയും മൂലഗ്രന്ധമാണ്. പൌരുഷേയമായ വേദങ്ങള്‍ സ്വത:പ്രമാണമാണ്‌.

എല്ലാ മനുഷ്യര്‍ക്കും സ്ത്രീ-പുരുഷ ഭേദമില്ലാതെ വേദം പഠിക്കാനും സ്വാദ്ധ്യായം ചെയ്യാനും മറ്റുള്ളവരെ പഠിപ്പിക്കാനും പൂര്‍ണ്ണ അവകാശമുണ്ട്.

മധ്യകാലീന വേദഭാഷ്യകാരന്മാരായിരുന്ന ഉവ്വടന്‍, മഹീധരന്‍, സായണന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ വേദമാന്ത്രങ്ങളില്‍ പശുഹിംസ, അശ്ലീലത, മൃതശ്രാദ്ധ പദ്ധതി എന്നിവ കാണപ്പെടുന്നതരത്തില്‍ ദുര്‍വ്യാഖ്യാനം നടത്തിയപ്പോള്‍, വേദങ്ങള്‍ കന്നാലി പാട്ടാണെന്നും നാടോടികളായിനടന്നിരുന്ന ആര്യവര്‍ഗ്ഗക്കാരുടെ ചരിത്രങ്ങളുടെ ശേഖരമാണെന്ന് വിദേശപണ്ഡിതന്മാരും പടച്ചുവിട്ടു. ഈ രണ്ടു വാദഗതിയും തെറ്റാണ്. അതിനെ തുറന്നുകാട്ടി ജനങ്ങളെ ഉദ്ബുദ്ധരാക്കേണ്ടത് നമ്മുടെ പ്രധാന കര്‍ത്തവ്യങ്ങളിലോന്നാണ്.

പ്രാമാണിക ഗ്രന്ഥങ്ങള്‍

ചതുര്‍വേദങ്ങളും അവക്കനുകൂലമായ ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍,വിശുദ്ധ മനുസ്മൃതി, വാല്മീകി രാമായണം, വ്യാസനിര്‍മ്മിതമായ മൂല മഹാഭാരതം എന്നിവയാണ് പ്രാമാണിക ഗ്രന്ഥങ്ങളായി കണക്കാക്കുന്നത്. വ്യാസന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പലപുരാണങ്ങളും വ്യാജവും വേദവിരുദ്ധ ഭാഗങ്ങളുല്‍ക്കോളളുന്നതുമാകയാല്‍ പ്രാമാണികങ്ങളല്ല.

പഞ്ചമഹാ യജ്ഞങ്ങള്‍

ഓരോ ഗൃഹസ്ഥനും ദിവസേന അനുഷ്ടിക്കേണ്ട പഞ്ചമഹാ യജ്ഞങ്ങള്‍ ഇവയാണ്.

  1. ബ്രഹ്മയജ്ഞo അഥവാ സന്ധ്യാവന്ദനം, നിരാകാരനായ ഈശ്വരന്‍റെ ഗുണഗണങ്ങളെ ധ്യാനിച്ചുകൊണ്ടു ചെയ്യുന്ന ആത്മാലോചന.
  2. ദേവയജ്ഞo : അഗ്നിഹോത്രം, ദാനം തുടങ്ങിയവ.
  3. പിതൃയജ്ഞo : ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍, ആചാര്യന്മാര്‍ എന്നിവരെ ശ്രദ്ധാപൂര്‍വ്വം പരിചരിച്ച് അവരുടെ ഋണങ്ങളെ വീട്ടുന്ന കര്‍മ്മം.
  4. അതിഥിയജ്ഞo : സദാചാരികളും പണ്ഡിതന്‍മാരുമായവരെ യഥായോഗ്യം ആദരിക്കുകയും സമ്മാനാദികള്‍ നല്‍കുകയും ചെയ്യുക.
  5. ബലിവൈശ്വദേവയജ്ഞo : നമ്മെ ആശ്രയിച്ചുകഴിയുന്ന പശുമൃഗാദികളുടെ സംരക്ഷണവും പോഷണവുമാണ് ഈ യജ്ഞo കൊണ്ട്ഉദ്ദേശിക്കുന്നത്.

ഗുരുവും മനുഷ്യദൈവങ്ങളും

നമ്മുടെ ജീവിതത്തിന് സാംസ്കാരികവും ബൌദ്ധികവുമായ മാര്‍ഗ്ഗദര്‍ശനംചെയ്യുന്ന ഗുരുവര്യന്മാരോട് ശ്രദ്ധാഭാവം വച്ചുപുലര്തേണ്ടതാണ്. എന്നാല്‍ ഗുരുവിനെ ഒരലൌകിക ശക്തിയായി പെരുപ്പിച്ചുകാട്ടി അദ്ദേഹത്തെ ഈശ്വരാവതാരവും മറ്റുമായി ചിത്രീകരിച്ച് പെരുപ്പിച്ചുകാട്ടി വിഗ്രഹപ്രതിഷ്ഠ നടത്തി നാമജപം, ദീപാരാധനാദികള്‍ എന്നിവ നടത്തുന്നത് അവൈദികമാണ്.

മന്ത്രവാദവും അസാന്മാര്‍ഗ്ഗിക ആചരണങ്ങളും

ചമത്ക്കാരങ്ങള്‍ എന്നുപറയുന്ന യാതൊന്നുംതന്നെ ലോകത്തിലില്ല. അതിനാല്‍ കൈനോട്ടം, മഷിനോട്ടം, തകിടുകളും ചരടുകളും ജപിച്ചുകെട്ടല്‍, മന്ത്രസിദ്ധികൊണ്ട് മാറാരോഗങ്ങളും മറ്റും വൈദ്യ ചികിത്സയില്ലാതെ  മാറ്റാനാകും എന്ന തരത്തിലുള്ള പ്രചാരണം, മറ്റു ആഭിചാരക്രിയകള്‍, മദ്യം,മാംസം തുടങ്ങിയവകൊണ്ടുള്ള ആരാധനാരീതി എന്നിവ തികച്ചും വര്‍ജ്ജ്യമാണ്‌. യാതൊരു അടിസ്ഥാനവുമില്ലിതിന്. ഫലജ്യോതിഷം,ചൊവ്വാദോഷം, കണ്ടകശ്ശനി തുടങ്ങിയ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളും നിരര്‍ത്ഥകങ്ങളാണ്.

ധര്‍മ്മം

ആചരിക്കേണ്ടതാണ് ധര്‍മ്മം. ധൈര്യം, ക്ഷമ, ദമം,അസ്തേയം, ശൌചം (സ്വച്ഛത), ഇന്ദ്രിയ നിഗ്രഹം, ബുദ്ധി (വിവേക ബുദ്ധി), വിദ്യ, സത്യം, അക്രോധം എന്നിവയാണ് ധര്‍മ്മത്തിന്റെ 10 ലക്ഷണങ്ങള്‍. മദ്യമാംസാദികളും മറ്റു ലഹരി പദാര്‍ത്ഥങ്ങളും പൂര്‍ണ്ണമായി വര്‍ജ്ജിക്കണം.

തീര്‍ത്ഥം

ജ്ഞാനത്തിന്‍റെ പ്രചാരം – പ്രസാരം ചെയ്യുന്ന കേന്ദ്രമാണ് തീര്‍ത്ഥം. സൂര്യഗ്രഹണസമയത്തോ മാറ്റവസരങ്ങളിലോ പ്രമുഖ നദികളില്‍ സ്നാനം നടത്തുന്നത് പാപങ്ങളെ നശിപ്പിക്കുന്നതാണ് എന്ന പ്രചാരണം അജ്ഞാനം മൂലം വന്നതാണ്. ഇതിന് വൈദിക പ്രാമാണ്യമില്ല.

കര്‍മ്മ ഫലം

നാം അനുഷ്ടിക്കുന്ന ശുഭാശുഭ കര്‍മ്മങ്ങളുടെ ഫലം നാം തീര്‍ച്ചയായും അനുഭവിച്ചേതീരൂ. യതോരുതരത്തിലുള്ള ക്രിയാപദ്ധതി കളെക്കൊണ്ടും ഇവയെ മാറ്റിമറിക്കാനാവില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുകതന്നെ വേണമെന്നര്‍ത്ഥം.

ശ്രാദ്ധം      

ഈശ്വരോപാസന, സ്വാദ്ധ്യായം എന്നിവയാല്‍ ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍, ഗുരുജനങ്ങള്‍ എന്നിവരുടെ സേവനമനുഷ്ടിക്കലാണ് ശ്രാദ്ധം.

സ്വര്‍ഗ്ഗ – നരകങ്ങള്‍

സ്വര്‍ഗ്ഗ – നരകങ്ങള്‍ പ്രത്യേക വിശേഷസ്ഥാനങ്ങള്‍ അല്ല. സുഖാത്തിന്റെ വിശേഷസ്ഥാനം സ്വര്‍ഗ്ഗവും ദുഃഖതിന്റെത് നരകവുമാണെന്ന് പറയാം. അതും ഇതേജീവിതകാലത്ത് ഈ ശരീരത്തോടുകൂടി തന്നെ അനുഭവിക്കെണ്ടതുമാണ്. സ്വര്‍ഗ്ഗ – നരകങ്ങളെ ക്കുറിച്ച്പടച്ചുവിട്ടിട്ടുള്ള കാല്‍പ്പനിക കഥകള്‍ ജനങ്ങളെ നിഷ്ക്രിയരാകുന്നതാണ്.

ജഢപൂജ

      ജഢപദാര്‍ത്ഥങ്ങളെ അവയുടെ ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ സദുപയോഗം ചെയ്യുന്നത് തെറ്റല്ല. തുളസി, ആല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് പല രോഗങ്ങളേയും നിവാരണം ചെയ്യാനുള്ള ഓഷധഷക്തിയുണ്ട്. അവയുടെ സംരക്ഷണം നടത്തേണ്ടതാണ്. എന്നാല്‍ ഇവയെ ആരാധനയുടെ പേരില്‍ പ്രദക്ഷിണം വക്കുന്നതും  നമസ്കരിക്കുന്നതും പുണ്യമാണെന്ന് കരുതുന്നത് അജ്ഞതയും മൂഢത്വവുമാണ്.

ഭക്തി

എകാന്തവും ശാന്തവുമായോരിടത്തിരുന്ന് ഈശ്വരന്‍റെ ദയാലുത, ന്യായകാരിത തുടങ്ങിയ ഗുണങ്ങളേക്കുറിച്ച് ചിന്തന – മനനം ചെയ്ത് ത്യാഗമയമായ ഒരു ജീവിതം നയിക്കലാണ് ഭക്തി. വലിയ പന്തലും ആഡംഭരങ്ങളുമൊരുക്കി വീഡിയോ ക്യാമറാ കണ്ണുകള്‍ക്കുമുമ്പില്‍ സ്ത്രീ – പുരുഷന്മാര്‍ നൃത്തം ചെയ്യുകയും കയ്യടിച്ച് പാട്ടുപാടി തിമര്‍ക്കുകയും ചെയ്യുന്നത് ‘ചാനല്‍’ ഭക്തിമാത്രമാണ്.

മുഹൂര്‍ത്തഫലവും രാശിഫലവും

എപ്പോഴാണ് നമ്മുടെ മനസ്സ് പ്രസന്നവും കുടുംബത്തില്‍ സുഖശാന്തിയും നിറഞ്ഞുനില്‍ക്കുന്നത് അതാണ്‌ മുഹൂര്‍ത്തം. നക്ഷത്ര-ഗ്രഹനിലകള്‍ നോക്കി കവടി നിരത്തി ജ്യോതിഷികള്‍ വിധിക്കുന്ന വിവാഹത്തിനുള്ള മുഹൂര്‍ത്തം, ഗൃഹ പ്രവേശനത്തിനുള്ളമുഹൂര്‍ത്തം എന്നിവ തികച്ചും വേദവിരുദ്ധവും സാക്ഷരരായ ഒരു സമാജത്തിനു യോജിച്ചതുമല്ല. നക്ഷത്ര – ഗ്രഹ വസ്തുക്കള്‍ ജഢ പദാര്‍ഥങ്ങളാണ്. അവയുടെ പ്രഭാവം എല്ലാവര്‍ക്കും ഒരേപോലെയാണ് അനുഭവപ്പെടുക. വ്യത്യസ്തമായല്ല. ഗ്രഹ – നക്ഷത്ര – രാശികള്‍ക്കനുസരിച്ച് മനുഷ്യജീവിതത്തില്‍ വ്യത്യസ്ത ഗുണദോഷങ്ങളുണ്ടാവും എന്നുള്ള ഫലപ്രവചനങ്ങളും തികച്ചും അവൈജ്ഞാനികമാണ്.  ജാതക പൊരുത്തം നോക്കി വധൂവരന്മാരുടെ വിവാഹം നടത്തുന്നതിനു പകരം ഗുണ – കര്‍മ്മ – വൈദ്യ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഏറ്റവുംനല്ലത്. ആദര്‍ശ പുരുഷന്മാരായ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍ ജാതകപൊരുത്തം നോക്കിയല്ലാ സ്വയവരത്തിലൂടേയാണ് വിവാഹിതരായത് എന്നോര്‍ക്കുക. മാത്രവുമല്ല, ശ്രീരാമന്റെയും രാവണന്റെയും രാശികള്‍ ഒന്നായിരുന്നു. ശ്രീകൃഷ്ണന്റയും കംസന്റെയും രാശികളും അപ്രകാരമായിരുന്നു വെന്നത് രസകരമായ പരമാര്‍ത്ഥമാണ്.

ജാതിക്കുപകരം വര്‍ണ്ണ വ്യവസ്ഥ

ആര്യസമാജം വര്‍ണ്ണ വ്യവസ്ഥയെ അംഗീകരിക്കുന്നു. വര്‍ണ്ണ വ്യവസ്ഥയുടെ അടിസ്ഥാനം ഗുണകര്‍മ്മങ്ങളാണ്. വര്‍ണ്ണ വവസ്ഥയില്‍ നീചകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ശൂദ്രന്മാരും ശ്രേഷ്ഠ കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ ബ്രാഹ്മണരുമാകുന്നു. ഇത് ജന്മനാ ഉണ്ടാകുന്നതല്ല. മനുവിന്റെ നിയമമനുസരിച്ച് എല്ലാവരും ശൂദ്രരായാണ് ജനിക്കുന്നത്.

വൈദിക സിദ്ധാന്തങ്ങളെക്കുറിച്ച് കൂടുതലറിയാനും മനസ്സിലാക്കാനും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വപ്രസിദ്ധമായ സത്യാര്‍ത്ഥ പ്രകാശം, ഋഗ്വേദാദി ഭാഷ്യഭൂമിക,സംസ്കാരവിധി തുടങ്ങിയ ഗ്രന്ഥ ങ്ങള്‍ സ്വാദ്ധ്യായം ചെയ്യുക.

ഓം കൃണ്വന്തോ വിശ്വമാര്യം….. (ഋഗ്വേദം 9.63.5)

കെ.എം.രാജന്‍

Emaii: aryasamajvellinezhi@gmail.com